01:34am 27 July 2026
NEWS
കലാഭവൻ നവാസിന്റെ മരണത്തിന് പിന്നിലെ കാരണം എന്ത്?
02/08/2025  07:30 AM IST
nila
കലാഭവൻ നവാസിന്റെ മരണത്തിന് പിന്നിലെ കാരണം എന്ത്?

കലാഭവൻ നവാസിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കലാകേരളം. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ രാത്രിയിലാണ് മലയാളിയെ എന്നും ചിരിപ്പിച്ച അതുല്യകലാകാരനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവാസിന്റെ മരണകാരണം സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ഹൃദയാഘാതമെന്നാണ് പ്രാഥമിക നി​ഗമനമെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിക്കേണ്ടതുണ്ട്. ഇന്നു രാവിലെ പോസ്റ്റുമോർട്ടം നടത്തുമെന്നാണ് റിപ്പോർട്ട്. 

നടൻ അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹ്‌നയാണ് ഭാര്യ. ഒരു ഇടവേളക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് നവാസിന്റെ അപ്രതീക്ഷിത വിയോഗം. പ്രകമ്പനം സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് താരത്തിന്റെ വിയോ​ഗം. രണ്ടുദിവസം തനിക്ക് ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നവാസ്. ഇതിനിടെയാണ്  അപ്രതീക്ഷിത മരണം. 

സീരിയൽ, സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടേയും മലയാളികളെ കുടുകുടാ ചിരിപ്പിച്ച് ഒടുവിൽ കണ്ണീരിലാഴ്ത്തിയ അതുല്യ കലാകാരനാണ് കലാഭവൻ നവാസ്. കലാഭവനിലൂടെ മിമിക്രി രംഗത്തേക്ക് കടന്നുവന്ന നവാസ്, വൈകാതെ നടനും ഗായനുമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുകാലത്ത് സ്പോട്ട് കോമഡിയിലൂടെ സ്റ്റേജ് ഷോകളെ ഇളക്കിമറിച്ചും നവാസ് കയ്യടി നേടി. കൂട്ടുകാരൊത്തുള്ള ഉല്ലാസവേളയിൽ ശബ്ദാനുകരണം നടത്തിയാണ് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയായ നവാസ് മിമിക്രി ലോകത്തേക്ക് കടന്നുവന്നത്. നാട്ടിലെ യുവജനമേളയിൽ മിമിക്രിയിൽ സ്ഥിരം ഒന്നാംസ്ഥാനം നേടിയിരുന്നയാളെ, നടി ഫിലോമിനയുടെ ശബ്ദം അനുകരിച്ച് രണ്ടാം സ്ഥാനത്താക്കി നവാസ് ചിരിമുറ്റത്ത് ഇരിപ്പുറപ്പിച്ചു.

കെ എസ് പ്രസാദിൻറെ കൈപിടിച്ച് ചിരിയുടെ സർവകലാശാലയായ കലാഭവനിലേക്ക് കടന്നു. ആബേലച്ചൻറെ പിന്തുണ നവാസിനെ കലാഭവൻറെ സ്റ്റേജുകളിൽ നിത്യസാന്നിധ്യമാക്കി. കുന്നംകുളത്തെ സ്റ്റേജിൽ തുടക്കം. പാടാനുള്ള കഴിവ് ശബ്ദാനുകരണത്തിൽ സമന്യയിപ്പിച്ചതോടെ താരങ്ങൾ നവാസിലൂടെ ഗായകരായി. നാടക ചലച്ചിത്ര നടനായിരുന്ന അബൂബക്കറിൻറെ മകന് അഭിനയിക്കാനുളള കഴിവ് ജന്മസിദ്ധമായിരുന്നു. ടെലിവിഷൻ ഷോകളിലൂടെ മലയാളിയുടെ വീടുകങ്ങളിൽ സുപരിചിതനായി മാറിയ നവാസ് 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിലെത്തി.

മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാൻഡ്രേക്ക്, മൈ ഡിയർ കരടി, ചട്ടമ്പി നാട്, ചക്കരമുത്ത് മേരാം നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. അഭിനയിച്ചതിലേറെയും ഹാസ്യ കഥാപാത്രങ്ങൾ. നവാസിനെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന് തോന്നിപ്പിക്കും വിധമുള്ള പ്രകടനമാണ് ഈ വർഷം പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലനിൽ കണ്ടത്. ടെലിവിഷൻ കോമഡി പരിപാടികളിൽ ജഡ്ജസിൻറെ റോളിലെത്തിയിരുന്ന നവാസ് അവിടെയും പ്രേക്ഷകനെ കയ്യിലെടുത്തു. സഹോദരൻ നിയാസ് ബക്കറിനൊപ്പം ആരംഭിച്ച കൊച്ചിൻ ആർട്സ് മിമിക്രി ട്രൂപ്പിലൂടെ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img